ചാവക്കാട് നഗരസഭയുടെ കീഴിലുള്ള തെരുവുനായ വന്ധ്യംകരണ കേന്ദ്രത്തിന്റെ (ABC സെന്റർ ) ഔദ്യോഗിക പ്രവർത്തന ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ എൻ.കെ. അക്ബർ നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേരി തോമസ്, ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുനിത അരവിന്ദൻ എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.
നഗരസഭ ചെയർപേഴ്സൺ എ.എച്ച്. അക്ബറിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വൈസ് ചെയർപേഴ്സൺ ബിൻസി സന്തോഷ് സ്വാഗതം ആശംസിച്ചു. സീനിയർ വെറ്റിനറി സർജൻ ഡോ. ജി. ശർമിള പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. യതീന്ദ്രദാസ്, ലിഷാ മത്രംകോട്ട്, കെ.എച്ച്. സലാം, കെ.പി. രഞ്ജിത്ത് കുമാർ എന്നിവരും മറ്റ് കൗൺസിലർമാരായ ഷീജ പ്രശാന്ത്, മുഹമ്മദ് ആരിഫ്, 26-ാം വാർഡ് കൗൺസിലർ സനൂപ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡീന ആന്റണി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. നഗരസഭ സെക്രട്ടറി ഇൻ ചാർജ് ശ്രീമതി റിഷ്മ പി.പി. നന്ദി രേഖപ്പെടുത്തി.
തെരുവ് നായ്ക്കളുടെ പെരുപ്പവും അക്രമങ്ങളും മൂലം ജനങ്ങൾ നേരിടുന്ന കടുത്ത ആശങ്കകൾക്കും ഭീതിക്കും പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് നഗരസഭ ഈ ബൃഹത്തായ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധികളും മാർഗ്ഗനിർദ്ദേശങ്ങളും കേന്ദ്ര നിയമങ്ങളും പൂർണ്ണമായി പാലിച്ചുകൊണ്ട്, ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചാവക്കാട് നഗരസഭയുടെ അധീനതയിലുള്ള വെറ്ററിനറി ബ്ലോക്കിലാണ് ഈ കേന്ദ്രം പ്രവർത്തിക്കുന്നത്. തെരുവിൽ അലയുന്നതും അക്രമാസക്തവുമായ നായ്ക്കളെ വന്ധ്യംകരണ ചികിത്സയ്ക്ക് വിധേയമാക്കി നിശ്ചിത കാലയളവിനുള്ളിൽ അവ പെറ്റുപെരുകുന്നത് നിയന്ത്രിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിനായി നഗരസഭ എട്ടു ലക്ഷം രൂപയാണ് പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ജനപ്രതിനിധികൾ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, നഗരസഭ ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.