Update Body
തൂഫാൻ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് നഗരസഭയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ തുടക്കമായി 24/09/2026 ന് പതാക ഉയർത്തൽ ചടങ്ങ് നടത്തി. തുടർന്ന് ചാവക്കാട് നഗരസഭാ അങ്കണത്തിൽ 28/09/2026 ന് നഗരസഭാ ചെയർപേഴ്സൺ ശ്രീ. എൻ. എച്ച്. അക്ബറിന്റെ ഉദ്ഘാടനത്തോടെ തൂഫാൻ സന്ദേശജാഥയും തെരുവ് നാടകവും സംഘടിപ്പിച്ചു. നഗരസഭാ പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള NSS, NCC വിദ്യാർത്ഥികൾ പരിപാടികളിൽ സജീവമായി പങ്കെടുത്തു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിന് യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.

തുടർന്ന് 09/10/2026-ന് വൈകീട്ട് 3 മണിക്ക് ചാവക്കാട് നഗരസഭാ കോൺഫറൻസ് ഹാളിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഏകോപനവും ജനജാഗ്രതാ സമിതി രൂപീകരണവും സംബന്ധിച്ച യോഗം ചേർന്നു. യോഗത്തിൽ എക്സൈസ് വകുപ്പ് പ്രതിനിധികൾ, നഗരസഭാ പരിധിയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രതിനിധികൾ, നഗരസഭാ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, യുവജന പ്രതിനിധികൾ, വിവിധ സർക്കാർ ഓഫീസുകളിലെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പൊതുജന പങ്കാളിത്തത്തോടെ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും യോഗം ഊന്നൽ നൽകി. വിദ്യാർത്ഥികൾ, യുവജനങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി തുടർപ്രവർത്തനങ്ങൾ സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.

ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിക്കുന്നതിനും ലഹരിക്കെതിരായ കൂട്ടായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാകുമെന്ന് യോഗം വിലയിരുത്തി. വിവിധ വകുപ്പുകളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ തുടർന്നും ഊർജിതമായി നടപ്പിലാക്കാൻ തീരുമാനിച്ചു.